ചങ്ങനാശേരി: കേരള ജിയന്ന എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കും. പന്ത്രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായ അച്ചാമ്മ ജേക്കബ്, ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ മാത്രമേ ഫലപ്രദമായ ചികിത്സ സാധ്യമാകൂ എന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം നിരസിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന് സംരക്ഷിക്കാന്‍ തീരുമാനിച്ചതിലൂടെയാണ് ശ്രദ്ധേയയായത്.
‘എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊന്നുകൊണ്ടുള്ള ചികിത്സ എനിക്കുവേണ്ട, ആ കുഞ്ഞിനും ജീവിക്കാന്‍ അവകാശമുണ്ട്’ എന്ന അച്ചാമ്മയുടെ ഉറച്ച നിലപാട് പ്രോലൈഫ് ആശയങ്ങള്‍ സമൂഹത്തില്‍ പ്രകടമാക്കി.
വിവാഹജീവിതത്തിന്റെ 21 വര്‍ഷത്തിനിടെ 12 മക്കള്‍ക്ക് ജന്മം നല്കിയ അച്ചാമ്മ പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം 1973 ജൂലൈ ഏഴിന് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. മുട്ടാര്‍ കുമരഞ്ചിറ പള്ളി സെമിത്തേരിയിലാണ് അച്ചാമ്മ ജേക്കബിന്റെ കബറിടം സ്ഥിതി ചെയ്യുന്നത്.
12-ാമത്തെ മകന് ഫാ. റെജി പുലിക്കോട്ട് എസ്ഡിബി ജൂബിലിയില്‍
അച്ചാമ്മ ജേക്കബിന്റെ 12-ാമത്തെ മകന് ഫാ. റെജി പുലിക്കോട്ട് എസ്ഡിബി ഈ വര്‍ഷം തന്റെ വൈദിക പട്ടത്തിന്റെ രജതജൂബിലിയിലാണ്. ഇന്ന് ആയിരക്കണക്കിന് തെരുവ്-നിരാലംബ കുട്ടികള്‍ക്കായി ശുശ്രൂഷ ചെയ്തുവരികയാണ് ഈ വൈദികന്.
ജീവന് ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ അച്ചാമ്മ ജേക്കബ് അനുസ്മരണവും കുട്ടനാട് റീജണല്‍ പ്രോലൈഫ് സെമിനാറും 11 ഉച്ചകഴിഞ്ഞ് 1.45 മുതല്‍ 4.30 വരെ മുട്ടാര്‍ കുമരഞ്ചിറ സെന്റ് തോമസ് പള്ളിയില്‍ നടക്കും. വലിയ കുടുംബത്തിന്റെ പ്രസക്തിയും കേരള ജിയന്ന അച്ചാമ്മ ജേക്കബ് എന്നതുമാണ് മുഖ്യവിഷയങ്ങള്‍.
സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും. ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍ ജൂബിലേറിയന് ഫാ. റെജി പുലിക്കോട്ട് എസ്ഡിബിയെ ആദരിക്കും. ഫാ. ജോസഫ് കട്ടപ്പുറം, റെജി ആഴാഞ്ചിറ എന്നിവര്‍ പ്രസംഗിക്കും. യുഗേഷ് പുളിക്കന്‍ (കുറവിലങ്ങാട്), ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകുന്നേരം 4.15ന് അച്ചാമ്മ ജേക്കബ് സ്മാരകത്തില്‍ ഫാ. ജോണിക്കുട്ടി തറക്കുന്നേലിന്റെ നേതൃത്വത്തില്‍ ഒപ്പീസ് നടക്കും.